ഓർമ്മകൾക്കെവിടെയോ ചിതലരിച്ച
ഓട്ടോഗ്രാഫ് ബുക്കിന്റെ ഗന്ധം.
'എടോ മണ്ണുതീനി ചിതലേ
നീ തിന്നുമുടിച്ചതെന്തെന്നറിയുമോ,
എന്റെ വിദ്യാലയായുസ്സു ഹോമിച്ച് ഞാൻ
പടുത്തുയർത്തിയ എന്റെ റോമാസാമ്രാജ്യം..!
ക്ഷമിക്കണം, ഓർമ്മാസാമ്രാജ്യം' ; എവിടെയോ
പേന കുട്ടപ്പൻ മാഷിന്റെ ചരിത്രമോർമ്മിക്കുന്നു.
'നീ തിന്നുതീർത്ത അക്ഷരങ്ങളിൽ
അവനും, ചിലപ്പോഴൊക്കെ അവളും
പലവട്ടം പറയാതെ പോയ
പലതും പറയാൻ ശ്രമിച്ചിരിക്കണം.
പേനമഷി കൊണ്ടായിരുന്നില്ല, മൂന്നാമത്തെ
ബെഞ്ചിൽ രണ്ടാമതിരുന്ന അവൾ എഴുതിയത്.
ഹൃദയത്തിലേൽക്കാതെ പോയാ, ബാണം-
കോറി മുറിഞ്ഞു പൊടിഞ്ഞ പ്രണയം കൊണ്ടാണ്.'
കുളിരുള്ള സ്ഥലം തന്നെ നീ പുൽകി,
എങ്കിലും എനിക്കെന്നും അവിടം പൊള്ളിയിരുന്നു.
കൂടെപ്പഠിച്ച കൂട്ടുകാരന്റെ വിടചൊല്ലൽ മുറിച്ച നിന്നെ
കോളറിനു കുത്തിപ്പിടിച്ച് രണ്ടു പൊട്ടിക്കേണ്ടതാണ്.
ചിതലായിപ്പോയി ;
തൽക്കാലം ഈ ചാഴിപ്പൊടിയിലൊതുങ്ങ്.
കാടിനു തീപിടിച്ചുലഞ്ഞാർക്കുകയാണ് ;
ക്ലാസ്സിലെ ബഹളം ഒന്നുമല്ലാതെയാവുന്നു,
ആരോ "ബുക്ക്ഡ്" എന്നെഴുതിയിരിക്കുന്നു .
ഹതഭാഗ്യൻ; അവന്റെ പേജ് നഷ്ടം.
എങ്കിലും ഇടക്കിടെ ഇടംകണ്ണിട്ടു നോക്കിയ
പൂച്ചക്കണ്ണിയുടെ അക്ഷരങ്ങളുണ്ട്.
"ചിതലരിക്കാതെ സൂക്ഷിക്കണം ;
തീയിട്ടു കത്തിച്ചു കളഞ്ഞാലും..."
നീ പറഞ്ഞത് തന്നെ നടന്നു,
ഓർമകൾക്ക് തീ പിടിക്കട്ടെ.
ഒടുക്കം ഒരുപിടി ചാരമായി മാറട്ടെ,
ജീവിതത്തിനു വളം ചെയ്താൽ തണലു കിട്ടിയേക്കും.
ഓർമകൾക്ക് തീ പിടിക്കട്ടെ,
ഞാനും നീയുമെല്ലാം പുതുമ തേടട്ടെ..!
Comments
Post a Comment