എറണാകുളത്തെ ഒരു രാത്രിയിൽ നാലും കൂടിയ പാലാരിവട്ടം പൈപ്പ്‌ലൈൻ ജംഗ്ഷനിൽ വെച്ചാണ് അവളെ ആദ്യമായി കാണുന്നത്.
ലുലു മാളിൽ സെക്കൻഡ് ഷോ കണ്ട് കണ്ണു തിരുമ്മി, ഒറ്റയ്ക്കായതിനാൽ പൈപ്പ്‌ലൈൻ വരെ വച്ചു പിടിച്ച് അത്യാവശ്യം കുളിരുന്ന ആ മഞ്ഞിലും വിയർത്തത് കൊണ്ട് കാക്കനാട്ടേക്കുള്ള ബസ് സ്റ്റോപ്പിലെ കാനയുടെ കൈവരിയിൽ ഒന്ന് ഭാരമിറക്കിയതാണ്.
അപ്പോഴാണ് വൈറ്റിലയിലേക്കുള്ള ഒരു സൂപ്പർഫാസസ്റ്റിൽ നിന്ന് അവളിറങ്ങി അടുത്തേക്ക് വന്നത്.
കാക്കനാട്ടേക്കാണോ എന്നും എങ്ങനെയാണ് പോവുന്നത് എന്നും അവൾ എന്നോട് ചോദിക്കുകയും
ഊബറോ ഓലയോ വിളിക്കണമെന്നും റേറ്റ് നോക്കുകയാണെന്നും, മൊബൈൽ സ്ക്രീനിലേക്കിട്ട തല ഉയർത്താതെ തന്നെ ഞാൻ പറഞ്ഞു എന്നുമാണോർമ്മ.
"എഡോ" ഇൻഫോപാർക്കിലേക്കാണെങ്കിൽ ഞാനുമുണ്ട്, ഒന്നിച്ചു പോകാമെന്നും കുറച്ചു നേരം ഇവിടെ ഇരിക്കാം, കോഴിക്കോട് നിന്നും ബസിൽ ഒറ്റ ഇരുപ്പിരുന്നു വരികയാണെന്നും നേരാം വണ്ണം രാത്രിയിൽ ഒന്നിരിക്കട്ടെ എന്നും അവൾ പറയുമ്പോൾ പക്ഷേ, ഞാൻ അവളുടെ കണ്ണുകളിലേക്കും ഇടയ്ക്ക് ചുണ്ടുകളിലേയ്ക്കും മാത്രമായിരുന്നു നോക്കിയത്.
ആദ്യമായി കാണുകയായിരുന്നെങ്കിലും ഞാൻ മുഖത്തെ സ്ഥായീ ഭാവമായ ഗൗരവം വെടിഞ്ഞ് കണ്ടിട്ട് ആകെ ക്ഷീണിച്ച പോലെ ഉണ്ടല്ലോ,
എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ചോദിക്കുകയും
എങ്കിലും എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചത് എന്ന് ആ രാത്രിയിലും ഞാൻ ആലോചിക്കുകയും ചെയ്തിരുന്നു.
മറുപടിയെന്നോണം നമുക്കൊരു കട്ടനടിച്ചാലോ എന്ന് അവൾ കുറച്ചകലെ കാണുന്ന തട്ടു കടയിലേക്ക് നോക്കിക്കൊണ്ടാണ് ചോദിച്ചതും എഴുന്നേറ്റ് നിന്ന് ഒന്ന് കൂടെ വാഡോ എന്ന രൂപേണ തിരിഞ്ഞു നോക്കിയതും.
ഉറക്കം കണ്ണുകളിൽ വന്നു വട്ടം കറങ്ങി റിവേഴ്സ് ഗിയറിൽ വലിക്കുന്നുണ്ടായിരുന്നുവെങ്കിലും ഞാൻ അവളോടൊപ്പം ഒരു പാതി തമിഴനായ അണ്ണൻ നടത്തുന്ന ആ തട്ടുകടയിൽ പോവുകയും, ഒഴിഞ്ഞു കണ്ട ഒരു മേശയ്ക്കിരു പുറമായി ഇരിക്കുകയും, ശേഷം രണ്ട് പൊടിക്കട്ടനെന്ന് ഞാൻ തന്നെ വിളിച്ചു പറഞ്ഞെന്നുമാണ് തോന്നുന്നത്.
എഡോ തന്നോട് കൂടെ വരുവാൻ പറഞ്ഞപ്പോൾ താൻ എന്റെ കൂടെ വന്നതു മാതിരി, താൻ വിളിച്ചിരുന്നുവെങ്കിൽ ഞാൻ വരുമായിരുന്നു എന്നു തോന്നുന്നുണ്ടോ എന്നുള്ള അവളുടെ ചോദ്യത്തിന് ഞാൻ നിശബ്ദമായി മൗനം പാലിക്കുകയും, മുഖം വെട്ടിച്ച് കട്ടനെത്തുവോളം പാലാരിവട്ടം മേല്പാലത്തിലെ തല പോയിട്ടും ഇരു കൈകളും നീട്ടി വെളിച്ചം പകരുന്നതു പോലെയുള്ള വിളക്കു കാലുകളിലേക്ക് നോക്കി ഇരിക്കുകയും ചെയ്തു എന്നത് ഉറപ്പാണ്. എന്റെ മുഖത്തോട്ടു തന്നെ ആയിരിക്കണം അവൾ നോക്കിയത്.
ഇടക്കിത്തിരി അവളെ നോക്കി അവളുടെ പേരും വീടിനെ കുറിച്ചും അറിയാൻ ഞാൻ ശ്രമിച്ചെങ്കിലും അമ്മ മാത്രമാണുള്ളതെന്നും, ഇവിടെ ജോലി കിട്ടിയിട്ട് എട്ടു മാസത്തോളം ആവുന്നതെ ഉള്ളുവെന്നും അവൾ എന്നോട് പറയുകയും, എന്തോ പറയുവാനുണ്ടെന്ന പരവേശത്തിൽ മുഖം കോട്ടി നെടുവീർപ്പിൽ നിർത്തുകയും ചെയ്തുവെന്നുള്ളത് സത്യമാണ്.
ചൂട് കട്ടനിൽ നിന്നും സ്വതന്ത്രമാക്കപ്പെടുന്ന ആവിയിലേക്ക് നോക്കി ഇരിക്കെ ഒന്നുമില്ലെഡോ, ബസിൽ കളമശ്ശേരി കഴിഞ്ഞപ്പോൾ അടുത്തു വന്നിരുന്ന ഒരാൾ എന്റെ അവിടെയും ഇവിടെയും എല്ലാം തൊട്ടുവെന്നും, ഒച്ചവെയ്ക്കാനുള്ള ശേഷി പോലും കിട്ടാതെ, അഥവാ കിട്ടിയാൽ തന്നെ ബാക്കിയുള്ളവർ എന്തു കരുതും എന്ന ചിന്തയിൽ കരച്ചിലും ദേഷ്യവുമടക്കി, കൈയ്യിലുള്ള ഈ ബാഗിനെ മുറുക്കെ പിടിച്ച് പുറത്തേക്ക് നോക്കിയിരിക്കാനെ കഴിഞ്ഞുള്ളൂ എന്നും അവൾ കണ്ണു നിറഞ്ഞു കൊണ്ട് പറഞ്ഞത് ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല.
എന്തു പറയണം എന്നറിയാതെ ശബ്ദം പുറത്തു വരാത്ത വിധം കട്ടൻ ചുണ്ടിലോട്ടു വയ്ക്കുക പോലും ചെയ്യാതെ ഇരുന്നു പോയ ഞാൻ പാടുപെട്ട് മുരടനക്കുകയും അപ്പോഴേക്കും കട്ടനിൽ മുത്തമിട്ടു തുടങ്ങിയ അവളുടെ കലങ്ങിയ കണ്ണുകളിൽ നോക്കി നല്ല കട്ടൻ അല്ലെ എന്നു ചോദിക്കുകയും ചെയ്തു.
ആദ്യമായി കാണുന്ന തന്നോട് ഇത് പറയുവാൻ കാരണമൊന്നും ഇല്ലെന്നും, രാത്രികൾ എല്ലാവർക്കും ഒരു പോലെ അല്ലെന്ന കാര്യം സ്വന്തം മനസിനെ തന്നെ വിശ്വസിപ്പിക്കാൻ വേണ്ടിയാണെന്നും ആണ് അവൾ പറഞ്ഞതിൽ ഓർമയിൽ ഉള്ള അവസാന വാചകം.
ഊബർ ടാക്സിയിൽ കാക്കനാട്ടേക്ക് മടങ്ങുമ്പോൾ അവൾ പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു എന്നും, കുറച്ചു മുൻപത്തെ ഞെട്ടലിൽ എന്റെ ചെവി പാലാരിവട്ടം ജംഗ്ഷനിൽ ഊരിയെറിഞ്ഞ പോലെ ഞാൻ ഇരുന്നു എന്നുമാണ് എനിക്ക് തോന്നുന്നത്. ഇറങ്ങാൻ നേരം എന്തു കൊണ്ടോ അവളുടെ കൈകളിൽ ചേർത്തു പിടിച്ച് കാണാം എന്നു മാത്രം ഞാൻ പറഞ്ഞിരുന്നു.
കാറിൽ നിന്നിറങ്ങി നടക്കുമ്പോൾ അപരിചിതരായവർക്കു പോലും ഞെട്ടൽ ഉണ്ടാക്കും വിധം കാര്യങ്ങൾ പറയാൻ കഴിയുമെന്ന കാര്യം ഞാൻ ആലോചിക്കുകയും, ആശ്വാസമെന്ന നിലയിൽ ഒരു വാക്ക് പോലും പറയാൻ കഴിയാതിരുന്ന ആ സമയത്തെ എന്റെ കഴിവില്ലായ്മയെ സ്വയം പഴിക്കുകയും ചെയ്തു.
എറണാകുളത്തു നിന്നു മാറുകയും, വർഷങ്ങൾ ഒന്നു രണ്ടു കഴിയുകയും ചെയ്തിട്ടും അവളുടെ ആ മുഖവും, പൊടിക്കട്ടെനേക്കാൾ കലങ്ങിയ കണ്ണുകളും, യമുന എന്ന ആ പേരും ഇന്നും മറന്നു കളയാൻ തോന്നിയിട്ടില്ല. പേരു പോലെ തന്നെ അവൾ ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടാവുമെന്നും, കടന്നു പോയ മുഖങ്ങളിൽ എന്നെയും മറന്നു കാണുമെന്നും അറിയാമെങ്കിലും അന്നത്തെ ആ കട്ടനേക്കാൾ ചൂടുള്ള ഒന്നും ഞാൻ ഇതേ വരെ കഴിച്ചിട്ടില്ല എന്നതു മാത്രം എനിക്ക് ഉറപ്പാണ്.
പ്രിയപ്പെട്ട യമുനാ, ഏതോ ഒരു യാത്രയിൽ കുടിച്ച നാവിൽ നിന്നു വിട്ടേ പോകാത്ത കട്ടന്റെ രുചിയാണ് നീ.
Comments
Post a Comment