സെക്കൻഡ് ചാൻസ്
ഒരിക്കൽക്കൂടി നമുക്കപരിചിതരാവാം.
ഒന്നുകൂടിയാ വിദ്യാലയത്തിൽ വെച്ച് കണ്ടുമുട്ടാം.
വീണ്ടുമൊരിക്കൽക്കൂടി പരസ്പരം പരിചയപ്പെടാം.
പണ്ടത്തെപ്പോലെ ചെല്ലപ്പേരുകളിട്ടു വിളിക്കാം.
ഒരു ബെഞ്ചിനപ്പുറവുമിപ്പുറവുമിരിക്കാം.
കൂട്ടുകാരായി മാറി ഒന്നിച്ചിരുന്നു സംസാരിക്കാം.
ഒരുപാടൊരുപാട് സംസാരിച്ചിരിക്കാം.
ഒരിക്കൽ കൂടി ഒരുമിച്ചിരുന്നു പഠിക്കാം.
എന്റെ പയറുപ്പേരിയിൽ നിനക്കും
നിന്റെ കടലകൂട്ടാനിൽ എനിക്കും കയ്യിട്ടു വാരാം.
വൈകീട്ട് ക്ലാസ്സു വിട്ടാൽ
പഴയതു പോലെ ഒന്നിച്ചു നടന്നു പോവാം.
പിന്നെ നമ്മളെന്നോ ചെയ്തത് പോലെ പടർന്നു
പന്തലിക്കുന്ന സ്വപ്‌നങ്ങൾ പങ്കുവെക്കാം.
ഇപ്പോളിങ്ങനെ ചിരിക്കാൻ വേണ്ടി കരയാം.
ഇന്നിങ്ങനെ കരയാൻ വേണ്ടി ചിരിക്കാം.
തമ്മിൽ തർക്കിച്ചു പിണങ്ങാം.
വീണ്ടുമൊരിക്കൽക്കൂടി ഇണങ്ങാം.
ചില്ലിട്ടു വെക്കാൻ കഴിയാത്ത, ചിത്രങ്ങളെടുക്കാത്ത
ഓർമ്മകൾ പുനർസൃഷ്ടിച്ചെടുക്കാം.
എന്നാൽ ക്ലീഷേ ആവർത്തിക്കാതിരിക്കാൻ,
ഇങ്ങനെ പരസ്പരം കാണാതെ, ബന്ധങ്ങളില്ലാതെ
എവിടെയോ രണ്ടായി പകുത്ത ശിഖരം കണക്കെ
വിപരീത ദിശകളിൽ അകന്നു പോവാതിരിക്കാം.
വീണ്ടും നമുക്കൊന്ന് കൂടി അപരിചിതരാവാം.
ജീവിതം പഠിക്കാത്ത കാലത്തു കണ്ടുമുട്ടാം.

Comments
Post a Comment