തൃണം

ചിറ്റൂർ ഗവൺമെൻറ് കോളേജിൽ വച്ച് നടന്ന 2017 എ സോൺ കലോത്സവത്തിൽ കവിതാരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കവിത. വിഷയം  : 'വെയിൽ വേരിനോട് പറയുന്നത്'



തൃണം


"ദൂരങ്ങളിത്രയും താണ്ടി ഞാൻ വന്നിഹ-
കേവലം നിന്മുഖം കാണ്മതിന്നായ്"
ആകാശമാളിക തള്ളിത്തുറന്നെത്തി
ആശങ്കയോടെയാ രശ്മി ചൊല്ലീ
ദാഹിച്ചലഞ്ഞു കൊണ്ടൂഴിയിൽ മുഖം പൂ-
ണ്ടഹോരാത്രദിനങ്ങളത്രയും തീർക്കുന്ന,
കേവലമന്ത്യജലത്തിനായ് കാക്കുന്ന
വടവൃക്ഷവേരതു കേട്ടു മുഖമനക്കി
"കാണാം എനിക്കു നീ മണ്ണിൽ കിടന്നാർത്തു-
കരയുന്നതൊക്കെയും കേൾപ്പതുണ്ട്
നീ വെള്ളമീമ്പി കുടിക്കയാൽ നിൻവൃക്ഷ-
മൊരുതുള്ളിയൊഴിയാതെ കൊണ്ടൊരീ ഞാനും,
അതുപിന്നെ ക്ഷീണമകറ്റുവാൻ നിന്നരികു-
പറ്റിക്കിടന്നു മനു കൊണ്ടൊരാതണലും
പിന്നയാ നിമിഷങ്ങളൊന്നുമേയോർക്കാതെ
നിൻറെ കൂട്ടരെക്കഷണിച്ചു തീർത്ത സൗധങ്ങളും
പുകതുപ്പുമാവിയന്ത്രങ്ങളും മലിനജലം-
പുഴയിലൊഴുക്കുമാ-കാളകൂടശാലയും
എൻ സഖി മഴവന്നു നൽകുമാ കുളിരും കുഴിമൂടി-
യൊഴുക്കിക്കളയുവാൻ  കാട്ടിയ തൃഷ്ണയും
പൊടിയുന്നുകണ്ണുനീരെന്നിലും ഇളം തണു-
പ്പടിക്കാനാവാത്ത നിന്നുടൽ കാണവേ
മഴകാത്തു കാത്തു നീ കാലം കഴിക്കിലും
മഴയങ്ങുമാറിപ്പിണങ്ങിയിരിക്കിലും
ഉറവതേടിത്തേടി ദൂരെ നീ പോകിലും
അറിയാത്തവഴികളിൽ ശങ്കിച്ചു നിൽക്കിലും,
വീണ്ടും വരാമെന്നുപോയൊരാ മഴയങ്ങ്
മരുകളിൽ പെയ്യുന്നു സങ്കടമൊക്കെയും
എൻറെ കാഠിന്യമേറെയാൽ നീപെടും പാടു-
കളൊക്കെയും കാണാം എനിക്കിങ്ങു
കഠിനതയേറ്റി നിൻ മരണമടുപ്പിച്ച
മൂഢമർത്യനെയങ്ങു പഴുപ്പിക്കണം
മണ്ണിനാഴങ്ങളിൽ നീ തേടിയലയുക
ഒളിച്ചാണ്ടു പോയൊരാ വെള്ളത്തിനായ്
നിൻപ്രണയമൂഴിയുമായല്ല, ചുംബിക്കു-
മാർദ്രയാം വെള്ളത്തെ തന്നെയാവാം
മമ ദേഹംതുളച്ചു നിന്നെ സഹായിക്കും
മണ്ണു നിന്നുടെ ചങ്ങാതി തന്നെയാവാം
ഒന്നിച്ചുനിൽക്കുക ദേഷ്യം വെടിഞ്ഞുകൊ-
ണ്ടീവർഷമാകാശവർഷത്തിനായ്
നിന്നുടെ ദാഹമകന്നിടും, നിന്നുടൽ
ശോഭയേറിത്തിളങ്ങിടും, കാണാം.."
മേഘം മറച്ചുടൻ വെയിലൊളിച്ചൂ
മറുപടിയേകുവാനാകാതെ വേരു നിന്നൂ
"ആരുമേയറിയില്ലയെന്നെ, എന്റെ ശക്തിയെ
ഞാനില്ലയെങ്കിലീ പാട്ടില്ലെഴുത്തില്ല,
ആരുമേ കവിതപാടുവാനേയില്ല,
ഇതുവരയുമീത്തൂലികത്തുമ്പുപോലും തൃണം.."
--------------------------------------------------------------------------

NB : മത്സരത്തിൻറെ അവസാന നിമിഷങ്ങളിൽ കാട്ടിയ വെപ്രാളം അവസാന വരികളിൽ വരുത്തിവെച്ച അപൂർണത (എന്നെനിക്കു തന്നെ തോന്നുന്ന) അതേപടി നിലനിർത്തിയിരിക്കുന്നു..

Comments

  1. malayala kavithakal orupad vayikkarilla..engilum avasana varikalude bangi ezhuthi phalipikan kazhiyilla...sundaram..veyilolichathum mazhakk vendiyulla kathirippum manoharamayi ezhuthiyirikkunu...nalla basha.iniyum ithu polulla kavithkal pratheekshikunu

    ReplyDelete

Post a Comment