ഒരു കാര്യം പറയാം


ഇന്നീ മരത്തിണ്ണമേലിരിന്നുകൊണ്ടപ്പത്രമ-
ക്ഷരം പെറുക്കിയെടുത്തുപ്പു നോക്കെ
ഓരോ മുത്തത്തിലും ഉള്ളിലേക്കെടുക്കുമാ 
ചായയോടൊത്തു രുചിച്ചു നോക്കെ 
വെട്ടലും കൊല്ലലും കട്ടുമുടിക്കലും 
പീഡനവാർത്തകളൊക്കെ കാണേ
എന്തൊരു ലോകമാണെന്തൊരു നാട്യമാ-
ണെന്നുമീ ഭൂവിലെന്നാലോയ്ച്ചു പോയ് 

നാടു ഭരിക്കേണ്ട രാജാവുതന്നെയോ
അങ്ങുമിങ്ങും ലോകം കണ്ടു നടക്കയും
അക്ഷരമഭ്യസിക്കേണ്ടുന്ന കുഞ്ഞിനെ
രാക്ഷസനായി ഹനിക്കും ഭിഷഗ്വരൻ
യോഗികളൊക്കെ കസാലപ്പുറത്തിരു-
ന്നാ ഗോശാലകൾ കാത്തു വിരാജിക്കയും
മുന്നോട്ടു പോകേണ്ട ശാസ്ത്രസത്യങ്ങളെ
പിന്നിലേക്കെന്നു തിരിച്ചയക്കെ സദാ
ചരിത്രമില്ലാത്തവർ ഏച്ചുകെട്ടും കഥ
തരി ബോധമില്ലാവിഴുങ്ങും ജനങ്ങളും
മറ്റുകലകളെ ഭയക്കുന്നവർ തന്നെ
മുറ്റും നുണകളെ കലയായി മാറ്റിടുമ്പോൾ
നിങ്ങൾക്കിങ്കൽ തെല്ലുമിടമില്ലെന്നാട്ടി
വാങ്ങിയൊഴിയും രോഹിൻഗ്യകൾ
പത്രവായന തന്നെ നിർത്തിയാലെന്നിഹ 
ചിന്തകളുള്ളിൽ മുനിഞ്ഞുകത്തി.

ഇന്നീ വരുന്ന പിൻതലമുറയൊക്കെ-
വന്നീ വാർത്തകളൊക്കെപെറുക്കീടവേ
ഒന്നു ചൊല്ലാം, മൂത്തസോദര സ്ഥാനത്തു-
നിന്നീ കൊച്ചുകാര്യമതങ്ങു ചൊല്ലിത്തരാം,
"ശ്രീരാമനോ ജാതനാകാനിടയില്ല
ഭൂവിലിനി ധർമ്മം പുലർവതും കഷ്ട-
മഹോ! കാളകൂട ഭരണം കുടിക്കുവാൻ
മഹാദേവനും കഴിവതായ് തോന്നതില്ല
എങ്കിലും വളരുകെൻ പൈതങ്ങളെ നിങ്ങൾ
വർത്തമാനത്തിൽ ശരി കണ്ടെത്തുവിൻ..
മതമില്ലാതെ വാഴൂ, നിറമറിയാതെ കൂടൂ
കൊച്ചുസന്തോഷമൊക്കെയും പങ്കു വെക്കൂ പിന്നെ
കേൾക്കുന്നതൊക്കെയും വിശ്വസിച്ചിടാതെ നീ
കണ്ടു കണ്ടങ്ങറിയൂ, കാലാകാലം.."


- കൈപ്പാറ

Comments

Post a Comment