കൂനൻ ഗോപാലേട്ടൻ

വഴി നീളെ തന്റെ കുനിഞ്ഞു പോയ കഴുത്തിനെ  ശപിച്ചു കൊണ്ടെന്ന പോലെ സംസാരിച്ചു കൊണ്ടു നടന്നിരുന്ന ഒരു കൂനൻ ഗോപാലേട്ടൻ എന്റെ ഓർമകളുടെ ബാല്യത്തിൽ ഓട്ടോ കാത്തു നിൽക്കുമ്പോൾ നടന്നു പോവാറുണ്ടായിരുന്നു.
ആരെയോ സദാസമയവും അയാൾ ചീത്ത വിളിച്ചു കൊണ്ടു നടന്നു. നാട്ടുകാരെ അറിയിക്കണം എന്നു തോന്നിയതൊക്കെയും അയാൾ തല ഉയർത്താതെയും ഇടയ്ക്ക് കണ്ണുകളുയർത്തിയും പറഞ്ഞു പോയി.
ആളുകൾ ചോദിക്കുന്നത് കേൾക്കുക പോലും ചെയ്യാതെ അയാൾ തനിക്കു പറയുവാനുള്ളത് പറഞ്ഞു കൊണ്ടിരുന്നു.

ബാല്യം സൈക്കിളിൽ കൗമാരത്തിലേക്ക് ചവിട്ടി കയറിയപ്പോഴും കൂനൻ ഗോപാലേട്ടൻറെ അതേ നടപ്പുകൾ എന്റെ സൈക്കിൾ മണിയുടെ മുന്നിൽ കണ്ടിട്ടുണ്ട്.
പതിഞ്ഞു തുടങ്ങിയതെങ്കിലും, മുൻപിൽ കുറച്ചുന്തി നിൽക്കുന്ന പല്ലുകളെ ഒഴിഞ്ഞു വരുന്ന ആ ശബ്ദത്തിന് മറ്റെവിടെയും കേട്ടിട്ടില്ലാത്ത ഏകതാനതയുള്ളതായി അന്ന് തോന്നിയിട്ടുണ്ട്.

അയാൾക്ക് കുറച്ചു കുറവാണെന്ന് പലരും പറഞ്ഞു കേട്ടിട്ടും സൈക്കിൾ മണിയ്ക്ക് മുൻപിൽ എങ്ങോട്ട് മാറണമെന്ന് തെല്ലു സംശയിച്ച് ഒഴിഞ്ഞു തന്നിരുന്ന അയാളെ പോകെ പോകെ 'ഗോപാലേട്ടോ' എന്ന വിളി കൊണ്ട് ഞാൻ പരിചയം വെച്ചു തുടങ്ങിയിരുന്നു.

മുറിഞ്ഞു പോകുന്ന വിളംബരങ്ങൾക്കിടയിലും വഴി മാറി തന്ന് ഗോപാലേട്ടൻ പറയുന്നതിൽ പിള്ളേരെ എന്നൊരു വാക്കു മാത്രം മനസ്സിലാക്കാൻ കഴിഞ്ഞിരുന്ന വേഗതയുണ്ടായിരുന്നു ആ കാലത്തിന്.
നാട്ടിൽ നിന്ന് മാറുന്നതിനു മുമ്പുള്ള കുറച്ചു കാലങ്ങളിൽ നാട്ടിലെ പല വേലി പ്രശ്നങ്ങളും, പത്രങ്ങളിലെ ചില വലിയക്ഷരങ്ങളുമാണ് അയാളുടെ തുറന്നു പറച്ചിലുകളിൽ വന്നലച്ചിരുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

അമ്പലപ്പടിക്കലെ നെഞ്ചത്തു കൈവെപ്പിനപ്പുറം ദൈവത്തെയാണോ പറയുന്നതെന്ന് തോന്നും കണക്കെ, റോഡിന്റെ ഇരുൾനീളത്തിലേക്ക് നോക്കി കൊണ്ട്, കുനിഞ്ഞു പോയ മുതുകിനെ അവഗണിച്ചു നടന്നു കൊണ്ടിരുന്ന ആ ശരീരത്തിനെ പ്രായം വളരെയേറെ അറിഞ്ഞനുഗ്രഹിച്ചു കൈയൊഴിഞ്ഞു കഴിഞ്ഞിരുന്നു ആ സമയം.
മറന്നു പോയ സൈക്കിൾ മണികളും നിലച്ചു പോയ നടത്തങ്ങളും പാലക്കാടൻ ചൂടിൽ ഞാനറിയാതെ നാട്ടിൽ വിളംബരം നടത്തിയിരുന്നു.

ഏതോ ഒരാഴ്ച നാട്ടിലെത്തിയപ്പോൾ ആ റോഡിൽ കൂടെ വട്ടു വിളിച്ചു പറഞ്ഞ് നടന്നിരുന്ന ആ ഗോപാലേട്ടൻ മരിച്ചെന്നാരോ പറഞ്ഞറിഞ്ഞു.
വേലി ചികയലുകൾ കുറെ കാലം ഒറ്റയടി പാതകളെയും, പോകെ റോഡിന്റെ ഇരു വശങ്ങളിലെ വേലിപ്പത്തലുകളെയും മറക്കാതെ അറിയിച്ചിരുന്ന അയാളുടെ പോക്ക് അവ അറിഞ്ഞു കാണുമോ?
ചുറ്റുമുള്ള കഥകളുടെ കനത്തിൽ കുനിഞ്ഞുന്തി വന്നതായിരിക്കുമോ ആ കൂന്? 
പറയാൻ ഏറെയുള്ളവർക്ക് കൂനു കാണുമെന്നോ അതോ കൂനുള്ളവർ ബാക്കി വെച്ചതേറെയുണ്ടാവുമെന്നോ?


Comments