ഒരു ഇടവേളയ്ക്കു ശേഷം


കഴിഞ്ഞദിവസം രാത്രി ഒരു 11 മണിയോടെ ഞാൻ MH ലേക്ക് സൈക്കിൾ ചവിട്ടി വരികയാണ്. കിരണിന്റെ ഹോസ്റ്റലിലേക്ക് പോയതായിരുന്നു. ടൂർ പോകുന്നതിനുവേണ്ടിയുള്ള ചില കടലാസുകൾ ഒക്കെ ഉണ്ടാക്കേണ്ടിയിരുന്നു. അത് കഴിഞ്ഞ് ഞങ്ങൾ കുറച്ചു നേരം  അവിടെ തന്നെ താമസിക്കുന്ന രാമനുമായും രഞ്ജിത്തുമായും നൂറുവുമായും കത്തിയടിച്ച്,  ഹോസ്റ്റലിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങിയതാണ്.  ഇറങ്ങുന്ന വഴിക്ക് നല്ല കാറ്റുണ്ടായിരുന്നു. മരങ്ങളൊക്കെ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടിനെ പോലെ തന്റെ കൈകൾ ഒക്കെ വിടർത്തി അലറിക്കൊണ്ടിരുന്നു. ക്സാനഡു വിന്റെ അടുത്തുകൂടി പോകുന്ന റോഡിലൂടെ വരുമ്പോൾ നട്ടും ബോൾട്ടും ഇല്ലാത്ത, കുഴിയൊന്നു ചാടിയാൽ ആക്രിക്കിലുക്കം സൃഷ്ടിക്കുന്ന മഡ് ഗാർഡിനെ ഒന്നമർത്തിപ്പിടിച്ച് മിണ്ടാതിരിക്കാൻ പറഞ്ഞു നോക്കി.
പകൽ സമയത്ത് ഈ ശബ്ദം അത്ര അലോസരം ഉണ്ടാക്കാറില്ലെങ്കിലും രാത്രിയിൽ, ലോകമുറങ്ങിത്തുടങ്ങുന്ന അർദ്ധരാത്രിയുടെ നിശബ്ദത നമ്മളേയും അതിന്റെ ഭംഗി ആസ്വദിക്കാൻ പ്രേരിപ്പിക്കും.
ക്സാനഡു കഴിഞ്ഞ് പിന്നെയും പോന്നപ്പോൾ WH ലേക്ക്  അലക്ഷ്യമായി കണ്ണൊന്നെറിഞ്ഞ് നോക്കി. തുറന്നു കിടക്കുന്ന ജനാലകളിലേക്ക് താഴെ നിന്നും ആരോ ടോർച്ച് അടിക്കുന്നു. സെക്യൂരിറ്റി ആയിരിക്കണം, ജനാലകൾ ഓരോന്നായി അടയ്ക്കപ്പെടുന്നു. മെയിൻ ഗെയിറ്റിലൂടെ കടന്ന് MH ൽ പോകുവാനാണെങ്കിൽ പിന്നെയും ഉള്ളിലെ രണ്ടു ഗെയിറ്റുകൾ, അതിൽ തുറന്നു കിടക്കുന്ന, ഒരാൾക്ക് കടക്കാൻ പറ്റുന്ന ഇടത്തിലൂടെ സൈക്കിൾ വളച്ചൊടിച്ചു കയറ്റിയെടുക്കണം. അതുകൊണ്ട് ആ വഴി പോയില്ല. സൈക്കിൾ അപ്പുവേട്ടന്റെ കടയുടെ മുന്നിലൂടെ വീണ്ടും മുന്നോട്ട്.
 ഇടതു വശത്തു കാണുന്ന ട്രാൻസ്ഫോർമേറിൽ തീപ്പൊരികൾ ഉണ്ടാവുന്നത് നല്ല വ്യെക്തമായി കാണാം, പക്ഷെ മുന്നോട്ട് നീണ്ടു കിടക്കുന്ന റോഡ് മാത്രം കാണാനില്ല.
റോഡു നീളെ അങ്ങ് CITU ന്റെ കെട്ടിടം വരെ വഴിവിളക്കുകൾ അണഞ്ഞു കിടക്കുന്നു. ദൂരെ കാണുന്ന, CITU വിനു മുന്നിലെ പ്രകാശം ലാക്കാക്കി വെച്ചങ്ങ് ചവിട്ടുകയാണ്.
കാറ്റ് അപ്പോഴും നല്ല അടിപ്പനായി വീശുന്നുണ്ട്. എവിടെയോ ഏതോ പേരറിയാത്ത മരം പൂത്തതിന്റെ സുഗന്ധം NSS സ്കൂളിന്റെ ഗ്രൗണ്ടിന് മുന്നിലൂടെ പോയപ്പോൾ മൂക്കിന് മുന്നിലൂടെ ഓടിപ്പോയി. കാറ്റു പിടിച്ച മരങ്ങൾ ആ രാത്രിയിലും ഓരോന്ന് പിറുപിറുക്കുകയും ചിലത് ദേഷ്യപ്പെട്ടെന്നപോലെ അലറുകയും ചെയ്യുന്നുണ്ട്.
പെട്ടെന്നാണ് ഇടതു വശത്തു നിന്നും ഒരു വേറിട്ട ശബ്ദം ഞാൻ ശ്രെദ്ധിച്ചത്. ഒന്ന് കൂടി മഡ് ഗാർഡിന്റെ വായ പൊത്തി പൊടിച്ചു. സൈക്കിൾ കുറച്ചു സമയത്തേക്ക് നിർത്തി.
ഇടതു വശത്തെ ആ പറമ്പിൽ, കാറ്റിനു മുന്നിൽ തലകുനിച്ചു കൊടുക്കുന്ന മരങ്ങൾക്കിടയിൽ കൂട്ടൊന്നുമില്ലാതെ തലയുയർത്തിപ്പിടിച്ച് ഒറ്റക്കൊരു കരിമ്പന നിൽക്കുന്നുണ്ട്. വിടർന്നു നിൽക്കുന്ന തന്റെ പനമ്പട്ടകളിൽ കാറ്റിനെ തടഞ്ഞു നിർത്താൻ ശ്രമിച്ചുകൊണ്ട്. കുറച്ചു നേരം ആ ശബ്ദം ഞാൻ കേട്ടു നിന്നു. ആ കണ്ണുകാണാത്ത ഇരുട്ടത്ത് നിന്ന്, ആകാശം നൽകുന്ന ഇത്തിരിവെട്ടത്തിൽ പനയുടെ ഉച്ചിയിലേക്ക് നോക്കി നിൽക്കുന്ന എന്നെ കണ്ട് എന്തൊക്കെയോ അടക്കം പറയുന്ന മറ്റു മരങ്ങളുടെ സ്വരം എന്റെ ഏകാഗ്രതയെ ചിന്നഭിന്നമാക്കി. ഞാൻ കണ്ണെടുത്തു.
പാലക്കാട് കോളേജിൽ പഠിക്കാൻ വന്നു നാലു വർഷത്തിനിടക്ക് ആദ്യമായിട്ടാണ് കഥകളിൽ കേട്ട് തഴമ്പിച്ച, പ്രത്യേകിച്ച് ഒരു നാടിന്റെ ഇതിഹാസത്തെ കുറിച്ച് വായിച്ചപ്പോൾ കേൾക്കാൻ കൊതിച്ച പനമ്പട്ടകളിൽ കാറ്റുപിടിക്കുന്ന ആ ശബ്ദം ഞാൻ ശ്രെദ്ധിക്കുന്നത്. ഒരു തരം കലമ്പൽ, അല്ല,, ഒറ്റയ്ക്ക് നിൽക്കുമ്പോളും എതിർത്ത് നിൽക്കാനുള്ള മന്ത്രമായിരിക്കണം അത്.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം സ്വബോധം വീണ്ടെടുത്തെന്ന പോലെ എന്റെ കാലുകൾ പിന്നെയും പെഡലിനെ ആഞ്ഞു ചവിട്ടി. ഉറക്കം വന്നു തുടങ്ങിയ ഒരു കരച്ചിലോടെ സൈക്കിൾ പിന്നെയും കിതച്ചു കൊണ്ടോടാൻ തുടങ്ങി. പിറകിലെ മഡ് ഗാർഡ് അപ്പോഴും പാല പൂത്ത രാത്രികളിലെ വെളുത്ത യക്ഷികളുടെ പാദസരം പോലെ കുലുങ്ങി എന്നെ ഭയപ്പെടുത്താൻ നോക്കി.
MH ലേക്കുള്ള റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞപ്പോൾ, CITU വിനു മുന്നിലെ വെളിച്ചം നൽകുന്ന ഇത്തിരിക്കാഴ്ചയിൽ ഇരു വശത്തുമായുള്ള കലുങ്കുകളിൽ കുറെ കാലങ്ങളായുള്ള സിഗരറ്റു പുക ചുരുണ്ടു കൂടിയുറങ്ങുന്നത് കാണാൻ കഴിഞ്ഞു.
ഇടതുവശത്തെ പറമ്പിൽ റോഡിനോട് ചേർന്ന് ആരോ തീകൂട്ടി ഇട്ടിരിക്കുന്നതിന്റെ കനലുകൾ കാറ്റത്തുയർന്നുപൊങ്ങി വീഴുന്നത്, ഉയരാൻ കൊതിക്കും മുന്നേ ചിറകറ്റു വീഴുന്ന സ്വർണനിറമുള്ള മിന്നാമിനുങ്ങുകളെ പോലെ തോന്നിച്ചു.
കുറച്ചു കൂടെ പോയപ്പോൾ വലതു വശത്ത് മഞ്ജുള മൊത്തമായി ഉറങ്ങിക്കഴിഞ്ഞിരുന്നു. അപ്പാപ്പന്റെ കടയും, കൃഷ്ണേട്ടന്റെ കടയും തൊട്ടപ്പുറത്ത് വിജയും അഖിലേഷും താമസിക്കുന്ന മുറികളടക്കം - മഞ്ജുള ഉറക്കത്തിലാണ്ട് കഴിഞ്ഞിരുന്നു.
ഇടത്തുവശത്തേക്ക് ഒന്ന് നോക്കിക്കൊണ്ട് ഷെഡിൽ കിടക്കുന്ന കോളേജ് ബസ് അവിടെ തന്നെ ഉണ്ടോ എന്നൊന്ന് ഉറപ്പു വരുത്തി. ഇവിടെ തന്നെ ഉണ്ടെന്നു ബസ് ആംഗ്യം കാട്ടി. രണ്ടു മൂന്നു പട്ടികൾ റോഡിൽ അങ്ങിങ്ങായി സ്വസ്ഥമായി കിടന്നുറങ്ങുന്നു. ഇനി MH 1,2 ലേക്ക് തിരിയുന്ന വഴി വരെ കാണാൻ ഒന്നുമില്ല. MH3 യുടെ മുന്നിലൂടെ ഒരു ബൈക്ക് ഇങ്ങോട്ടു വരുന്നത് കണ്ടു.
പൂട്ടിയിട്ടിരിക്കുന്ന ഗേറ്റിന്റെ ഒരാൾക്ക് കടക്കാവുന്ന വാതിൽ പതുക്കെ തുറന്ന്, സൈക്കിൾ എടുത്ത് അകത്തു വെച്ചു. തിരികെ ഗേറ്റ് പഴയതു പോലെ അടച്ചു വെച്ചു. പതുക്കെ ആ കയറ്റം ചവിട്ടികയറ്റുവാൻ തുടങ്ങി. വലതു വശത്ത് MH1 - ഗംഗ സകലമാന രാത്രി ഭാവങ്ങളോടും കൂടി തലയുയർത്തി നിൽക്കുന്നുണ്ട്. ലോക്ക് ചെയ്ത ഗ്രില്ലിനിടയിലൂടെ റോഡിലൂടെ പോകും വഴി അങ്ങ് മെസ്സ് വരെ എന്റെ കണ്ണൊന്ന് ഓടിപ്പോയി തിരിച്ചു വന്നു.
ഇടതുവശത്തെ MH ഗ്രൗണ്ടിനും കോളേജ് ഭൂപടത്തിൽ മാത്രം കാണുന്ന ഹോക്കി ഗ്രൗണ്ടിയിന്റെയും ഇടയിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന മരം പൂത്തു നിന്നിരുന്ന വേളയിൽ മൂക്കിലടിച്ചു കയറുന്ന ഒരു തരം സുഗന്ധം MH ലാകെ പരത്തിയതും, മുൻ വർഷങ്ങളിലെന്ന പോലെ വരും വർഷങ്ങളിലും ആ ഗന്ധം പരത്തുന്നത് ഞാൻ സങ്കൽപ്പിച്ചു നോക്കി.
യമുന, MH2 ഗംഗയിൽ നിന്നും യാതൊരു മാറ്റവുമില്ലാതെ, ഒരു പക്ഷെ നാലാം വർഷക്കാരെ കൂടാതെ ഉള്ളിലുള്ള KTU സഹോദരങ്ങളിൽ (ചിലരെങ്കിലും) നാളെയോ മറ്റന്നാളോ നടക്കാൻ പോകുന്ന പരീക്ഷയ്ക്ക് പഠിക്കുന്ന നേർത്ത ശബ്ദം മാത്രമേ ഒരു മാറ്റമായി ഭവിക്കാൻ സാധ്യതയുള്ളൂ.
സെക്യൂരിറ്റി ചേട്ടനെ പുറത്തു നിന്ന് വിളിച്ചു. ഇറങ്ങുമ്പോൾ പറഞ്ഞിട്ടാണ് പോയത്, ടൂർ സംബന്ധമായ ചില പേപ്പറുകൾ ശരിയാക്കാൻ പുറത്തെ ഹോസ്റ്റലിൽ പോവുകയാണെന്ന്. ഒമ്പതരയ്ക്കു ഗ്രിൽ അടയ്ക്കുന്നതുകൊണ്ട് നേരം വൈകും, പത്തര ഒക്കെ ആവും തിരിച്ചെത്താൻ എന്ന് പറഞ്ഞാണ് ഇറങ്ങിയത്. ഇപ്പോൾ പത്തിനൊന്നേ കാൽ ഒക്കെ ആയിക്കാണും.
സെക്യൂരിറ്റി ചേട്ടൻ വന്നു ഗ്രിൽ തുറന്നു തന്നു. വൈകിയല്ലോ എന്നൊരു ചോദ്യത്തെ കുറച്ചു വൈകിപ്പോയി എന്ന് മുൻകൂറായി പറഞ്ഞ് ജാമ്യമെടുത്തു. സൈക്കിൾ ഉള്ളിലേക്ക് തള്ളിക്കയറ്റി ചേട്ടനോട് ഒരു 'ശെരി എന്നാൽ'ഉം പറഞ്ഞ് വലതു വശത്തെ കോണിയുടെ താഴെ സൈക്കിൾ വെച്ച് മുകളിലെ ഗുഹയിൽ ഏറ്റവും അറ്റത്തുള്ള എന്റെ റൂമിലേക്ക് നടക്കുമ്പോൾ എവിടെ നിന്നോ കുറച്ചു മുൻപേ കേട്ടാസ്വദിച്ച പനമ്പട്ടയുടെ കാറ്റുപിടി ശബ്ദം എന്നെ അനുഗമിക്കുന്നതായി തോന്നി.
റൂമിലെത്തി ലൈറ്റ് ഇട്ടു, ഉറക്കച്ചടവിന്റെ ഒരു വിമ്മിഷ്ടത്തോടെ ലൈറ്റ് പതുക്കെ മിഴിചിമ്മി കത്തി. പിന്നെ ഒന്നൊന്നര മാസത്തിനു ശേഷം  ആദ്യമായി എന്തെങ്കിലും എഴുതാൻ വേണ്ടി പേന കൈയ്യിലെടുത്തു. ചില തോന്നലുകൾ കുറിച്ച് വയ്ക്കാറുള്ള ഡയറിയും.
ശേഷം ഇവിടെ വരെ. ഈ വാചകത്തിനു ശേഷമുള്ള പൂർണവിരാമം വരെ.

#NSSകോളേജ്

Comments

  1. നീ പറഞ്ഞ വഴികളും ഇടങ്ങളും എനിക്ക് അപരിചിതങ്ങളാണ്.. എങ്കിലും എല്ലാം മനസ്സിൽ കൊണ്ടുവരാൻ നിനക്ക് കഴിഞ്ഞു.. നന്നായിട്ടുണ്ട്..

    ReplyDelete
  2. നീ പറഞ്ഞ വഴികളും ഇടങ്ങളും എനിക്ക് അപരിചിതങ്ങളാണ്.. എങ്കിലും എല്ലാം മനസ്സിൽ കൊണ്ടുവരാൻ നിനക്ക് കഴിഞ്ഞു.. നന്നായിട്ടുണ്ട്..

    ReplyDelete

Post a Comment