അപൂർണ്ണമായ കഥ


"വെറും മൂന്ന് വാക്കുകൾ കൊണ്ട് നിന്നോടത് പറയാൻ എനിക്ക് സാധ്യമാവില്ലെന്നു തോന്നുന്നു.." അവളുടെ മനോഹരമായ കണ്ണുകളിൽ തന്നെ നോക്കി ഞാൻ പറഞ്ഞു.
സ്വതവേ വെള്ളം തളംകെട്ടി തിളങ്ങുന്ന അവളുടെ കണ്ണുകൾ ഒന്ന് കൂടി വിടർന്ന പോലെ തോന്നി. എന്തോ വലിയ അപകടത്തിന് മുൻപേ ഉള്ള ശാന്തത പോലെ തോന്നി അവളുടെ ഭാവം. ആ ആൽത്തറയിൽ, അപൂർവമായി മാത്രം കാണാറുള്ള വിജനതയിൽ ഞാനും അവളും. ബിടെക് കഴിഞ്ഞ് കോളേജിന്റെ പടിയിറങ്ങാൻ ഒരുങ്ങി നിൽക്കുന്ന ഞാനും, എന്നേക്കാൾ മൂന്നു വർഷം പുറകിൽ ബിടെക് നു ചേർന്ന അവളും മാത്രം.
ആദ്യമായി അവളെ കണ്ടത് മുതൽക്ക് മനസ്സിലടച്ചിട്ട ആ സ്വപ്നത്തെ ഞാൻ പതുക്കെ കൂടു തുറന്നു വിടാൻ തുടങ്ങി.
"തുടിക്കുന്ന നീല ഞരമ്പുകൾ കൈകളിൽ ചിത്രമെഴുതിയവളെ..
കുസൃതി തുളുമ്പുന്ന കരിങ്കൂവളനേത്രങ്ങൾക്ക് കണ്മഷി കൊണ്ട് അതിരുകൾ സൃഷ്ടിച്ചവളേ..
നുണക്കുഴികളെ കാവൽ നിർത്തിയ അധരങ്ങളിലെ പുഞ്ചിരിയിൽ അമ്പിളിനിലാവിനെ ഒളിപ്പിച്ചു നിർത്തിയവളേ..
കേൾക്കുമ്പോൾ നിനക്കിഷ്ടപ്പെടാൻ വകയില്ലാത്ത ഒരു കാര്യം പറയട്ടെ, നിന്നെ ഞാൻ പ്രണയിക്കുന്നു.."
പറഞ്ഞു തീർന്നതും എന്തോ ഉള്ളിൽ നിന്ന് കൊഴിഞ്ഞു പോയത് പോലെ തോന്നി. പകരം നെഞ്ചു പട പടാ ഇടിക്കാൻ തുടങ്ങി. അവൾ കണ്ണുകൾ ഒരു വട്ടം അടച്ചു തുറന്നു.
കണ്ണുകൾ വിടർന്നിരിക്കുന്നുവെങ്കിലും നിസ്സംഗത നിറഞ്ഞ മുഖഭാവം.
എന്തോ പറയാൻ വന്നത് പോലെ അവൾ ചുണ്ടുകൾ അനക്കി. ഒന്നും പുറത്തേക്കു വന്നില്ല.
"പറയണമെന്നെ ഉണ്ടായിരുന്നുള്ളൂ.. നിന്റെ മറുപടി എന്തു തന്നെ ആയാലും.. ഇത് പറയാതെ ഈ കലാലയം വിട്ടു പോയാൽ, എന്തോ കടം വെച്ചു പോകുന്ന പോലെ തോന്നും.. അത് കൊണ്ടാണ്.."
നിന്ന നിൽപ്പിൽ ഞാൻ ഒന്ന് വട്ടം കറങ്ങി കണ്ണുകൾ ഇരുക്കിയടച്ച് പല്ലുകൾ പുറത്തു കാട്ടി 'വേണ്ടായിരുന്നു' എന്ന് മനസ്സിൽ പറഞ്ഞു..
വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി. എന്തോ അരുതാത്തതു കേട്ടത് പോലെ അവളുടെ മുഖം കൂമ്പിയിരുന്നു.
"എങ്കിൽ ഞാൻ പോകുന്നു.. നിന്നെ കണ്ടത് മുതൽക്ക് ഇതു പറയണം എന്ന് വിചാരിച്ചു കൊണ്ടാണ് പരിചയപ്പെട്ടതും മിണ്ടിയതുമൊക്കെ.. ആഗ്രഹിക്കുന്ന മറുപടി കിട്ടിയില്ലെങ്കിലും പറഞ്ഞു എന്നതു കൊണ്ട് ഈ പരിചയം ഇല്ലാതായി പോകരുത്.. പോട്ടെ.."
ആഗ്രഹിക്കാൻ പാടില്ലാത്തത് ആഗ്രഹിച്ചതിന് സ്വയം പഴിച്ചു കൊണ്ട് ഞാൻ ജി എം സി ലക്ഷ്യമാക്കി ഗേറ്റ് കടന്നു നടന്നു. എതിരെ ആരൊക്കെയോ നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചില്ല. എന്നെ കടന്ന് പോയ അവരുടെ ശബ്ദം ആൽത്തറയുടെ അടുക്കൽ നിന്ന് ഉയർന്നു കേട്ടപ്പോൾ ആണ് മറ്റെവിടെയോ നടന്നിരുന്ന ഞാൻ സ്വബോധത്തിൽ തിരിച്ചെത്തിയത്.
ജി എം സി യിൽ പോയി ഇരുന്നു. ആദ്യമായി അവളെ കണ്ട ദിവസം എന്നിലൂടെ കടന്നു പോയി. കോളേജിലെ ആ പരിപാടിയുടെ അന്ന്.. ജൂനിയർസിനെ പരിചയപ്പെടുന്നതിനിടയിൽ നേരിട്ടു കണ്ടപ്പോളൊന്നും തോന്നിയില്ലെങ്കിലും പരിചയപ്പെടുമ്പോൾ അവൾ ചിരിച്ച ചിരി.. ഇന്ന് വരെ പൂർണചന്ദ്രനുള്ള ഒറ്റ രാത്രിയിൽ പോലും കണ്ടിട്ടില്ലാത്തത്ര നിലാവിൽ ഒരു നിമിഷം കുളിച്ചു കയറിയത് പോലെ തോന്നി.
"ചേട്ടാ.. ഞാൻ.." പുറകിൽ നിന്നും അവളുടെ വിളി കേട്ട് ഞാൻ നോക്കി. അവൾ എന്തോ പറയാൻ ഭാവിക്കുന്നത് കണ്ടപ്പോൾ ഞാൻ ഇടക്ക് കയറി.
"എന്നെ പ്രണയിക്കണം എന്നൊന്നും ഞാൻ പറയില്ല.. അങ്ങനെയൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നുമില്ല.. പക്ഷെ ആദ്യമായി ഒരാളോട് തോന്നിയ വികാരം പറയാതെ പോവരുതെന്ന് തോന്നി അത്ര മാത്രം.."
ഒരു ചെറിയ പുഞ്ചിരിയോടെ അവൾ എന്നെ ഖണ്ഡിച്ചു കൊണ്ട് പറഞ്ഞു.
"അതല്ല ഏട്ടാ.. എന്നെപ്പോലൊരു പെൺകുട്ടിയെ ഇങ്ങനെയൊക്കെ വിവരിക്കാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. ആൽത്തറയിൽ ഇരുന്ന ഞാൻ ഒരു നിമിഷം മറ്റെവിടെയോ എത്തിയ പോലെ തോന്നി.. ഏതായാലും ആ വർണന എനിക്കിഷ്ട്ടപ്പെട്ടു.."
മനസ്സിൽ എവിടെയോ ഇരുന്ന് ആരോ പൂത്തിരി കത്തിക്കാൻ തുടങ്ങിയിരുന്നു.. കലങ്ങി മറിഞ്ഞുകൊണ്ടിരുന്ന കടൽ ശാന്തമാകാൻ തുടങ്ങി.
അവൾ തുടർന്നു, "പക്ഷേ ഏതായാലും ഞാൻ പറയാൻ ഉദ്ദേശിക്കുന്ന മറുപടി ചേട്ടൻ ഇപ്പോൾ പ്രതീക്ഷിക്കാത്ത ഒന്നായത് കൊണ്ട് ആ മറുപടി ഞാൻ പറയുന്നില്ല.. ഇനി എന്നെങ്കിലും ഞാൻ അത്തരത്തിലൊരു മറുപടി പറയുമെന്ന് തോന്നുന്ന ദിവസം.. അന്ന് നമുക്ക് വീണ്ടും കാണാം.."
അവൾ എന്റെ കണ്ണുകളിൽ നോക്കി ഒന്നുകൂടെ ചിരിച്ചു.
"ഹോസ്റ്റലിൽ കയറാൻ സമയമായി.. ഞാൻ പോകുന്നു.."
തന്റെ കൈകൾ രണ്ടും ഒരു പ്രത്യേക താളത്തിൽ നടന്നു പോകുന്ന അവളെ ഞാൻ നോക്കി നിന്നു.. കുറച്ചകലെ എത്തിയപ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കിയതും എന്താണ് നടന്നതെന്ന് മനസിലാവാത്തവനെ പോലെ ഞാൻ നിൽക്കുന്നത് കണ്ട് വായ് പൊത്തി ചിരിച്ച് വീണ്ടും തിരിച്ചു നടന്നതും ഞാൻ ശ്രദ്ധിച്ചില്ല.
പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നു, ആ സായാഹ്നയത്തിലെ വെളിച്ചത്തിലും എന്റെ ചുറ്റും പെയ്തിറങ്ങുന്ന ചന്ദ്രികയെ അവൾ കണ്ടിരിക്കാൻ വഴിയില്ല. അവൾ പറഞ്ഞ മറുപടിയിൽ എന്ത്‌ തന്നെ ആയാലും ഇനി ഏന്തു തന്നെ ഉണ്ടായാലും മനസ്സിലുള്ളത് പറഞ്ഞറിയിച്ചപ്പോൾ എനിക്ക് തോന്നിയതെന്തെന്ന് അവൾ അറിഞ്ഞിരിക്കാൻ വഴിയില്ല.
പക്ഷെ പിന്നീട് നാളിതു വരെ അവളുടെ ചിരി നേരിട്ടു കാണാൻ കഴിയാഞ്ഞതിൽ എനിക്ക് അപ്പോഴും തോന്നി,,
'ഒന്നും പറയണ്ടായിരുന്നു..'

- കൈപ്പാറ

Comments

Post a Comment