സിനിമ കണ്ട് അഭിപ്രായം ഫേസ്ബുക്കിൽ പറയുന്ന രീതി ഇല്ലാത്തതാണ്..
പക്ഷെ പണ്ടൊരു തോണിയുടെ (കപ്പലിന്റെ അല്ല) പാട്ട് കണ്ട് പടം കാണണമെന്ന് ഉറച്ചു തോന്നി, കാത്തു കാത്തിരുന്ന പൂമരം അവസാനം പൂത്തിറങ്ങിയപ്പോൾ ആദ്യം തന്നെ ഓടി ചെന്ന് കണ്ടു..
കണ്ടിറങ്ങിയപ്പോൾ ആണ് ഇങ്ങനെയൊരെഴുത്ത് ഇടണമെന്ന് തോന്നിയത്.. കോളേജിൽ പഠിച്ചപ്പോൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി A Zone കലോത്സവത്തിന് എൻജിനീയറിങ് പിള്ളേര് ആയിരുന്നിട്ടു കൂടെ വിക്ടോറിയയുമായി കട്ടക്ക് നിന്ന് മൂന്ന് വർഷം കപ്പടിച്ച ആ ചരിത്രം.. ആ മൂന്ന് വർഷങ്ങളിൽ രണ്ടു വർഷം ആ വിജയത്തിൽ പങ്കാളിയാവാൻ പറ്റിയ ഓർമകൾ..
ആ ദിവസങ്ങളിൽ അവിടെ കണ്ടു പതിഞ്ഞ കാഴ്ചകൾ സ്ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ Feel അല്ലെങ്കിൽ അനുഭൂതി കൊണ്ട് എഴുതുന്നതാണ്..
ചിത്രത്തിലെ പാട്ടുകൾ എല്ലാം മനോഹരമാണെന്നു പറഞ്ഞു കൊണ്ട് തുടങ്ങാം.. എട്ടോ പത്തോ പാട്ടുകൾ (കലോത്സവത്തിലെ മത്സരങ്ങളുടേതടക്കം) ഉണ്ടെന്ന് തോന്നുന്നു.. കഥയുടെ ആ അത്ര വേഗത ഇല്ലാത്ത ഒഴുക്കിനോടൊപ്പം പൊന്തിക്കിടന്നു പോകുന്ന പാട്ടുകൾ..
പടം എന്തുകൊണ്ടോ എനിക്ക് ഇഷ്ടപ്പെട്ടു..
Mg യൂണിവേഴ്സിറ്റി കലോത്സവം മാത്രമേ ഈ പടത്തിൽ ഉള്ളൂ.. അതിൽ പങ്കെടുക്കുന്ന കുറേയേറെ കോളേജുകളിൽ മുന്നിൽ വരാറുള്ള രണ്ടു കോളേജുകൾ തമ്മിലുള്ള മത്സരവും..
അതിലപ്പുറം ഒന്നും ഈ പടത്തിൽ ഇല്ല..
പക്ഷെ ഒരു ഇന്റർ കോളേജ് കലോത്സവത്തിലെ കാഴ്ചകൾ, അതേ പടി, അതി മനോഹരമായി തന്നെ ഒപ്പിയെടുത്ത് കാണിച്ചിരിക്കുന്നു.. രണ്ടേ മുക്കാൽ മണിക്കൂർ കൊണ്ട് വീണ്ടുമൊരു 5 ദിവസത്തെ കലോത്സവത്തിൽ പങ്കെടുത്ത ഒരു ഫീൽ, മുൻപ് പലരോടൊപ്പവും ആ പങ്കെടുപ്പിന്റെയും ചങ്കിടിപ്പിന്റെയും ആവേശത്തിന്റെയും വിശപ്പിന്റെയും ദിനങ്ങൾ അനുഭവിച്ചിട്ടുള്ളത് കൊണ്ട് തന്നെ എനിക്ക് തോന്നി.. ആവേശവും സൗഹൃദവും ഊണും ഉറക്കവും, മത്സരിക്കുന്നവരുടെ മുഖങ്ങളും, ആ ദിനങ്ങളിൽ പ്രിയപ്പെട്ടവളോട്/പ്പെട്ടവനോട് പറയാതെ പ്രകടിപ്പിക്കുന ശ്രദ്ധയും, ചെറിയ കാര്യത്തിനു പൊട്ടുന്ന അടികളും, ഏതോ കോളേജിലെ ഏതോ പെണ്ണിനെ കാണുമ്പോൾ തോന്നിപ്പോകുന്ന ഇഷ്ടവും, കോളേജിന്റെ നേതാവ് സഹപാഠികളെ ഉഷാറാക്കാൻ നടത്തുന്ന പ്രസംഗങ്ങളും, തങ്ങളുടെ കോളേജിന്റെ പ്രോഗ്രാമിന് കയ്യടിക്കാൻ വേണ്ടി കയറിയിരിക്കുന്നതും, മറ്റു കോളേജുകളുമായി/ കോളേജിലെ പിള്ളേരുമായി ഉടലെടുക്കുന്ന സൗഹൃദങ്ങളും, കോളേജിനെ ലീഡ് ചെയ്യുന്നയാൾ അനുഭവിക്കേണ്ടി വരുന്ന സമ്മർദവും.. അങ്ങനെ കുറെ കാഴ്ചകളുണ്ട്..
കാണുന്നവർക്ക് എല്ലാവർക്കും ഇഷ്ടപ്പെടാൻ വഴിയില്ലാതാവുന്നതും അവിടെയാണ്.. കുറെ ഓർമകളും ചിത്രങ്ങളും അനുഭവങ്ങളും മാത്രം പൂത്തു നിൽക്കുന്ന ഒരു മരമാണ്.. ആ ഓർമകളിൽ എവിടെയെങ്കിലും തങ്ങളെ കാണാൻ പറ്റുന്നവർക്ക്, ആ ചിത്രങ്ങളിൽ തങ്ങളല്ലേ എന്ന് സന്ദേഹം തോന്നുന്നവർക്ക് ചിത്രം ഇഷ്ടപ്പെടും..
ബാക്കിയുള്ളവർക്ക് പല നിറങ്ങൾ തുന്നിച്ചേർത്തുണ്ടാക്കിയ ഭംഗിയില്ലാത്തൊരു ഉടുപ്പായി തോന്നിയേക്കാം..
പക്ഷെ കലോത്സവക്കാഴ്ചകളും പാട്ടും കലയും നിറഞ്ഞു നിന്ന ആ ഒരു മൂഡിൽ നിന്നും മാറിയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് വരുന്നത്.. അവസാനം കാണിച്ച സീനും വരികളും, സംവിധായകൻ ചിത്രത്തിൽ പറയാൻ ഉദ്ദേശിച്ചത് അതാണെകിൽ കൂടി ആ പൂമരത്തിൽ എവിടെയോ, എന്തോ കുറച്ച് നിറം മാറിപ്പൂത്ത പൂവ് പോലെ തോന്നിച്ചു..
പക്ഷെ അകലെ നിന്ന് ഒന്ന് മൊത്തത്തിൽ നോക്കുമ്പോൾ എനിക്കിഷ്ടപ്പെട്ടു എന്ന വാചകത്തിൽ ഞാൻ ഒതുക്കുന്നു.
ഒപ്പിയെടുത്ത കൃത്യമായ കാഴ്ചകൾക്കും, അതിനെ ഒരുക്കിയ സംവിധായകനും നന്ദി. പാട്ടുകളുടെ സൃഷ്ടാക്കൾക്കും നന്ദി.
വാൽക്കഷ്ണം : കലോത്സവ ദൃശ്യങ്ങൾക്കൊപ്പം, ഒരു ഇനത്തിനു സമ്മാനമടിച്ചാൽ ഓരോ കോളേജിനും ആഹ്ലാദത്തോടെ വിളിച്ചു കൂവാൻ കഴിയുന്ന തങ്ങളുടേതായ വായ്‌താരികൾ.. രണ്ടു വർഷം മുൻപ് അവസാനമായി വിക്ടോറിയ കോളേജിന്റെ മുറ്റത്തു നിന്ന് വിളിച്ചതിനും കേട്ടതിനും സമാനമായ മുദ്രാവാക്യങ്ങൾ ഈ ചിത്രത്തിൽ വീണ്ടും കേട്ടപ്പോൾ എവിടെയോ ഒരു നഷ്ടപ്പെടലിന്റെ കണ്ണു പുകച്ചിൽ അനുഭവപ്പെട്ടത് കൊണ്ടാണ്, ഈ പോസ്റ്റ്.
പൊടിക്കൈ : കലോത്സവം വെറുതെ കാണാൻ പോയതിനേക്കാൾ ഒരിക്കലെങ്കിലും ഒരു കലോത്സവത്തിൽ തങ്ങളുടെ കോളേജിന് വേണ്ടി ഓടി നടന്നു ജീവിച്ചവർക്ക് പൂമരം നല്ല വസന്തകാലത്തു തന്നെ വൃത്തിക്ക് വെടിപ്പായി പൂത്തു നിൽക്കുന്നതായി കാണാം എന്നാണ് എന്റെ ഒരു ഇത്.. അല്ലാത്തവരുടെ കാര്യം സംശയമാണ്...
#Poomaram

Comments
Post a Comment