ബോധിമരസ്മരണകൾ

എല്ലാം കഴിഞ്ഞ് പോവുകയാണല്ലേ???
ബോധിമരം ഭാവങ്ങളിൽ തെല്ലും മാറ്റമില്ലാതെ ചോദിച്ചു.
തന്റെ വിരിഞ്ഞ കൈകൾ എല്ലാം ചേർത്ത് പിടിച്ച് എന്നെ മാറോടണച്ചു കെട്ടിപ്പിടിക്കാൻ വെമ്പും പോലെയാണ് അതിന്റെ നിൽപ്പ്... എനിക്ക് ഒന്നും പറയുവാനായില്ല.. വാക്കുകൾ ശരീരം വിട്ടു പുറത്തിറങ്ങാൻ മടികാണിക്കുന്ന പോലെ.. 'പോവണം.. പോകാതെ പിന്നെ..'
ഏറെ നേരം അങ്ങനെ മുഖത്തോടു മുഖം നോക്കി നിൽക്കുവാൻ കഴിഞ്ഞില്ല.. പുറംതിരിഞ്ഞു നിന്ന് അതിന്റെ ചുറ്റിനും കെട്ടിയ തറയിൽ കേറിയങ്ങിരുന്നു..
മുൻപേ നടന്നു പോയ സൂര്യൻ ആകാശത്തു വിതറിയിട്ട വെളിച്ചത്തിന്റെ ചീളുകൾ, ദിശാസൂചി പോലെ എങ്ങോട്ടോ ചൂണ്ടുന്ന ആൽമരത്തിൻറെ  ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വൈകുന്നേരങ്ങളിലെ അവിടത്തെ അന്തരീക്ഷത്തിൽ കാലങ്ങളായുള്ള കോളേജിന്റെ കഥകൾ എന്റെ നേർക്ക് ഒരു മേഘക്കെട്ടു കണക്കെ പെയ്തൊഴിയാനലറിക്കൊണ്ട്  പാഞ്ഞു വരുന്നതായി തോന്നി.
അപ്പോൾ പോകണമെന്ന് തോന്നുന്നുവോ?? പിന്നെയും ചോദ്യം.
'എന്ത് ചോദ്യമാണ് കിളവൻ മരമേ.. കാലങ്ങളായി ഇവിടെ നിന്നിട്ടും കുറെയേറെ കണ്ടിട്ടും ഇതിനുള്ള മറുപടി ലഭിക്കാൻ ഇനിയും അനുഭവങ്ങൾ പോരാ എന്നുണ്ടോ?'. ഉള്ളിൽ തികട്ടി വന്ന വികാരങ്ങൾ കടിച്ചമർത്തിക്കൊണ്ട് ഞാൻ തിരിച്ചു ചോദിച്ചു.
മെക്കാനിക്കൽ വർക്ക് ഷോപ്പിന്റെ അവിടെ നിന്നും വീശിയടിച്ച കാറ്റിൽ ആൽമരത്തിന്റെ നേടുവീർപ്പ് മൂടിപ്പോയതായി തോന്നി.
ആദ്യ വർഷം ഇരിക്കാൻ ഭയം തോന്നിയിരുന്ന ആൽത്തറ. റാഗിങ്. ചേട്ടന്മാർ. പിന്നീട്‌ അതേ സീനിയേഴ്സിന് ഒപ്പം അവിടെ ഇരുന്നിരുന്നു. ഒരുപാട് വട്ടം.. പിന്നീട് ജൂനിയേഴ്സിനൊപ്പവും..  തെരുവ് നാടകം. ഒലീവിലകൾ കൊഴിയില്ല. അതിജീവനം. രാത്രികൾ. .. സമരങ്ങൾ.. മുദ്രാവാക്യങ്ങൾ.. നക്ഷത്രം പതിച്ച ശുഭ്ര പതാക..
വവ്വാൽകൂട്ടം പോലെ ചിറകടിച്ചു വന്ന ഓർമകളെ ഒരു നിമിഷം കൈകൊണ്ടു മറച്ചു പിടിച്ചു..
പതുക്കെ എഴുന്നേറ്റ് നടന്നു.
ആൽമരം പുറകിൽ നിന്ന് വിളിച്ചുവോ?? തോന്നിയതാവും.
എങ്ങോട്ടേക്കാണ് ഒറ്റയ്ക്ക്?
ഇടതു വശത്ത് ഏറുകൾ ഏറെക്കൊണ്ട് ഞങ്ങൾക്ക് വേണ്ടി കുറെയേറെ മാങ്ങകൾ തന്ന മാവ്. വായിൽ വെച്ചാൽ കണ്ണടച്ചു പോകുന്ന ആ മാങ്ങയുടെ പുളിയെ പറ്റി ഓർത്തപ്പോൾ ഒരു നിമിഷം കണ്ണുകൾ ഇറുക്കിയടച്ചു പോയി.
'എങ്ങോട്ടുമില്ല. ഒന്ന് കാണാൻ വേണ്ടി..'
കാണാത്തതായി എന്താണ് ഉള്ളത്?
'അങ്ങനെയല്ല, ഒരിക്കൽ കൂടി..'
ഓഹ് ഗൃഹാതുരത്വം. താഴെ വാടി വീണു കിടക്കുന്ന ഈ മാമ്പഴങ്ങളെ പോലെ അതും ഒരിക്കൽ കരിഞ്ഞുണങ്ങി പോവും.
പുച്ഛിക്കുന്നത് പോലെ ഒന്ന് ആടിയുലഞ്ഞു കോക്രി കാട്ടി ആ മാവ്.
'പക്ഷെ മാങ്ങാണ്ടി ബാക്കിയാവുമല്ലോ. പിന്നെയും ഒരുപാട് നാളേക്ക്. ഒരു തിരിച്ചുവരവും കാത്ത്..'
പിന്നെയൊരു മറുപടിക്ക് കാത്തു നിൽക്കാതെ വീണ്ടും നടന്നു. സമയമില്ല. ബസിനുള്ള സമയം ആവാറായിരിക്കുന്നു.
ഇടിഞ്ഞു പൊളിയാറായ വിധം കുറച്ചകലെ ഏകനായി നിൽക്കുന്ന ഓപ്പൺ സ്റ്റേജ്. തത്വ. ചെമ്മീൻ. ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോ മങ്കീസ്. രുദ്ര. പ്രേമൻ. ഷൊണ്ണൻ. ഗായകൻ. നൂപുരം.. ഗാനമേള. ..
എവിടെ നിന്നാണ് ഇപ്പോൾ ഈ വവ്വാൽ കൂട്ടം വീണ്ടും കടന്നു വന്നത്? ഞാൻ സ്വയം എന്റെ മനസ്സിനെ പഴിച്ചു.
അങ്ങകലെ ഇലക്ട്രോണിക്സ് വിഭാഗം കെട്ടിടത്തിന് പുറകിൽ ആകാശത്ത് നേരത്തെ നടന്നു പോയ അയാൾ നിറങ്ങൾ വാരിയെറിഞ്ഞ് ഹോളി കളിച്ചിരിക്കുന്നു. ആരുമായി??
മെക്കാനിക്കൽ ഡ്രോയിങ് ഹാളിനു മുന്നിലൂടെ നടന്നപ്പോൾ എണ്ണമില്ലാത്ത ഡ്രോയിങ് ഷീറ്റുകളിൽ പെൻസിൽ വീണുരഞ്ഞിരുന്ന ശബ്ദം വീണ്ടും കേൾക്കും പോലെ തോന്നി.. എത്ര മനോഹരമായ ശബ്‌ദം.!
ബദാം മരങ്ങൾ രണ്ടുള്ളത് പതിവ് പോലെ താഴെ അവിടവിടെ നാലഞ്ച് കായകൾ പൊഴിച്ച് നിൽപ്പുണ്ട്.. കോളേജിൽ വന്നിട്ടായിരിക്കും വവ്വാലു ചപ്പി തുപ്പാത്ത ബദാം കായകൾ ആദ്യമായി കാണുന്നത്.. തിന്നുന്നത്.. ഇടയ്ക്കിടക്ക് ആഗ്രഹം തോന്നുമ്പോൾ -വിശന്നിട്ടാണെന്നു പറയാൻ വയ്യ-വന്ന് കല്ല് കൊണ്ട് കുത്തി പൊട്ടിച്ച് തിന്നാൻ പാകത്തിന് കായകൾ നൽകിയ മരമേ.. നന്ദി...!
മുന്നോട്ട് നടക്കുമ്പോൾ എന്തോ.. അവിടെ എന്തോ കുറവുള്ളത് പോലെ തോന്നി.. കൊടിമരത്തിന് ചുറ്റുമുള്ള തോരണങ്ങൾ എവിടെ? കോളേജ് യൂണിയൻകാർക്ക് തിരക്ക് പിടിച്ച, ബാക്കിയുള്ളവർക്ക് ആഘോഷം തലക്കു പിടിച്ച വിശേഷ ദിനങ്ങളിൽ, പാലക്കാടിന്റെ ചൂടിനിടക്ക് ഇടക്കിടെ വീശിയെത്തിയിരുന്ന കാറ്റിനോട് കിന്നരിച്ചിരുന്ന തോരണത്തിന്റെ തലപ്പുകൾ ബാക്കിയാക്കിയ കലപ്പുകൾ എവിടെ?
കാർ പോർച്ചിലോട്ട് കയറിയപ്പോൾ പടികളിൽ ഞങ്ങളാരൊക്കെയോ ഇരുന്ന് കത്തിയടിക്കുന്നത് കണ്ടു..
'എന്ന്?'
എന്നെന്നോ? അവസാന ദിനങ്ങളിൽ എപ്പോഴും അതു തന്നെ ആയിരുന്നില്ലേ പണി..!
എന്തോ എനിക്ക് ചിരിക്കാൻ തോന്നിയില്ല.
ഇവിടെ വരെ വന്ന നിലയ്ക്ക്.. എങ്ങനെയാണ് ആ യൂണിയൻ ഓഫീസിൽ ഒന്ന് കയറാതെ പോവുക?
ക്ലാസ് തുടങ്ങിയാലും, അവിടെ വൈകി കേറിയാലും, യൂണിയൻ ഓഫീസിൽ കയറി പൊടിയും കയറും പെയിന്റും ബ്രഷും ഫ്ലക്സ് ഷീറ്റുകളും പേപ്പറുകളും കൂടി -ഒരു നട്ടുച്ച നേരത്ത് ആൽമരത്തിനു കീഴെ പൊട്ടി വിടരുന്ന മുദ്രവാക്യം പോലെ ആവേശം തരുന്ന- ആ മണമൊന്ന് ഉള്ളിലേക്കെടുത്ത്, അവിടെ ആരെങ്കിലും ഇരിക്കുന്നുവെങ്കിൽ ഒന്ന് കാര്യങ്ങൾ തിരക്കാതെ എങ്ങനെയാണ് മുന്നോട്ട് പോവാൻ കഴിയുക?!
യൂണിയൻ ഓഫീസ്.. ഒരു പക്ഷെ ഹോസ്റ്റലും ക്ലാസ്സും ( രണ്ടാമത് പറഞ്ഞതിന്റെ കാര്യത്തിൽ ഒരു സംശയം ഉണ്ട് ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഇവിടെയായിരിക്കണം.. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, ചർച്ചകളും തീരുമാനങ്ങളും, നോട്ടീസ് എഴുത്തും, രാത്രി പുലരുവോളം ഉള്ള വർത്തമാനങ്ങളും എല്ലാം നടന്നത് വിപ്ലവനായകൻ ചെഗുവേരയുടെ ചിത്രം പതിച്ച ഈ നാലു ചുവരുകൾക്കുള്ളിലാണ്..
ഓണം. ഗമയ. നൂപുരം. Azone. എസ് എഫ് ഐ. യൂണിറ്റ്. പ്രതിഷേധം. മുദ്രവാക്യമെഴുത്തുകൾ. മാഗസിൻ.
വേണ്ട.. ഏറ്റവും വിഷമമുളവാക്കി നഷ്ടബോധം തോന്നുന്ന നാലു ചുവരുകളാണിത്.. വയ്യ..
തിരിച്ചിറങ്ങിയപ്പോൾ സ്റ്റേജിൽ നിന്ന് ആർ ഡി സി യുടെ തകർപ്പൻ ഡാൻസിലെ പാട്ടുകൾ ചെവിയിൽ മൂളക്കം തീർത്തു.. രാമേട്ടന്റെ വയലിൻ. നാടകങ്ങൾ. ഒരു വട്ടം കൂടെ ആ സ്റ്റേജിൽ കയറി വേദി പൊട്ടുമാറുച്ചത്തിൽ, കളിച്ച നാടകങ്ങളിലൊന്നിലെ ഡയലോഗ് വിളിച്ചു പറയണമെന്ന് തോന്നി.. യവനിക എവിടെ? കാണികൾ എവിടെ? കാണികൾ ഇല്ലാതെ എന്ത്‌ നാടകം..
മറ്റൊന്ന് മറന്നുവോ? ഇവിടെ വെച്ചു തന്നെയാണ് ആദ്യ കാഴ്ചയിൽ നിനക്കാദ്യമായി ഒരുവളോട് പ്രണയം തോന്നിയതും..അതും അവസാനവർഷം..
'അവസാനമായിട്ടും..'
ഇറങ്ങി നടക്കാൻ ഇനിയും ഏറെ സ്ഥലങ്ങളുണ്ട്. പക്ഷെ ബസിന് നേരമടുത്തിരിക്കുന്നു..
ഇലക്ട്രിക്കൽ സ്റ്റാഫ് റൂം.. ഹഹ.. എത്ര വട്ടം പ്രിയപ്പെട്ട അധ്യാപകരുടെ വഴക്കിന്‌, വാരലുകൾക്ക്, ഇടമായ സ്ഥലം.. എത്ര വട്ടം വഴക്കു കേട്ടാലും, ക്ലാസ്സുകളിൽ കയറാതിരുന്നാലും, എത്ര ഇഷ്ടക്കുറവുണ്ടായാലും അധ്യാപകരുടെ സ്നേഹത്തോടെയുള്ള ഉപദേശങ്ങൾ എന്നും വിനയത്തോടെ, ബഹുമാനത്തോടെ മാത്രമേ കേട്ടിട്ടുള്ളൂ.. ആ ഉപദേശങ്ങളോട് അവിടെ പഠിക്കുന്ന കാലത്ത് ഒത്തുപോകാൻ പറ്റിയിട്ടില്ലെങ്കിലും.!
സിവിൽ ഡ്രോയിങ് ഹാളിനു മുന്നിലൂടെ ലൈബ്രറി ബ്ലോക്കിലേക്ക് നടന്നു.
ലൈബ്രറി. ആഴ്ചപ്പതിപ്പുകൾക്കു വേണ്ടി മാത്രമായി എല്ലാ ആഴ്ചയും സ്ഥിരമായി മൂന്നോ നാലോ വട്ടം പോയിരുന്ന ഇടം. ഇടക്കിടെ ദാഹജലം. പാഠപുസ്തകങ്ങൾ വർഷത്തിലൊരിക്കൽ. ഇവിടെ വന്നതിൽ പിന്നെ കുറഞ്ഞു പോയ വായനയെ അങ്ങനെയങ്ങ് വിട്ട് കളായതിരിക്കാൻ കൂട്ടു നിന്നത് ആ ആഴ്ചപ്പതിപ്പുകളാണ്. എങ്കിലും സാഹിത്യപുസ്തകങ്ങൾക്ക് മാത്രമായി ഒരു വിഭാഗം അവിടെ വേണമെന്ന് എല്ലായിപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാനടക്കം പലരും പലപ്പോഴും ട്രോളന്മാർ മാത്രമായി പോകുന്നു.
നേരെ മുൻപിൽ എതിർവശത്തു കാണുന്ന അലുമിനി ബ്ലോക്കിനെ മറക്കാൻ എങ്ങനെയാണ് പറ്റുന്നത്.. എത്രയെത്ര പരീക്ഷകൾക്ക് വേദിയായ ഇടമാണത്..! പരസ്പരം സഹകരിച്ച് പരീക്ഷകൾ എഴുതിയതിനു ആ ചുവരുകൾ ഇന്നും അവിടെ കയറിയാൽ കളിയാക്കും..!! ആ ബെഞ്ചുകളിൽ CD മാർക്കർ കൊണ്ട് കുറിച്ചിട്ട Essay പോയിന്റുകൾ ഇന്നും കാണുമായിരിക്കും.
ഇനിയും നടക്കാൻ വയ്യ.. അകലെ കുറച്ചപ്പുറത്ത് CS, IC ബ്ലോക്കുകൾ. Ec ബ്ലോക്കിനപ്പുറത്ത് നിറങ്ങൾ മങ്ങിയിരിക്കുന്നു. തിരിച്ചു നടന്നു.
ഇടത്തോട്ട് പോയി ലാബ് ബ്ലോക്കുകൾക്ക് നേരെ ഒരു നോട്ടം പായിച്ചു. റെക്കോർഡ് പുസ്തകങ്ങൾ. പക്ഷികളെ പോലെ ചിറകടിച്ച് പറന്നുയരുന്ന റെക്കോർഡ് പുസ്തകങ്ങൾ. ഉറക്കത്തിൽ നിന്ന് എണീക്കട എന്നു പറഞ്ഞു മണ്ടക്ക് രണ്ടു കൊട്ട് കൊടുത്താൽ ഉണർന്ന് Output തരുന്ന CRO കൾ. മധുരമൂറുന്ന ശബ്ദമുള്ള ജനറേറ്റർ. വൈറ്റനർ നിറഞ്ഞ Observation പട്ടികകൾ. വർഷത്തിലൊരിക്കൽ കഴുകിയിരുന്ന ലാബ് കോട്ട്. വേഗം മുന്നോട്ട് നടന്നു. ബാസ്കറ്റ് ബോൾ കോർട്ടും -ആൽത്തറ കഴിഞ്ഞാൽ അത്രയും പ്രിയപ്പെട്ട രാത്രികളിൽ പോയിരുന്നു സ്വപ്നം കാണാനും ഓർമകൾ ചികയാനും മഞ്ഞ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ബാസ്കറ്റ് ബോൾ കോർട്ട് ആണ് നല്ലത് എന്നാണ് എന്റെ പക്ഷം- വോളീബോൾ കോർട്ടും കടന്ന് മുന്നോട്ട് പോയപ്പോൾ പതിവ് പോലെ ഇടത്തോട്ട് ചായ്‌വ്‌ തുടങ്ങി..
ആരുമില്ല. കാന്റീൻ അടഞ്ഞു കിടക്കുന്നു. സിവിൽ സർവേ മൈതാനത്ത് പതിവ് പോലെ ഏകനായി റോയൽ ഡോഡ്ജും.. ആദ്യ വർഷങ്ങളിൽ ഏറെയാകാർഷിച്ചത് ആ വണ്ടിയാണ്. മഴയും വെയിലും മാറി മാറിയേറ്റ്, വർഷങ്ങളുടെ തഴക്കം വന്ന, പഴക്കം വന്ന, എന്നാലും പ്രൗഢിയോടെ ഒറ്റക്ക് കിടക്കുന്ന ഡോഡ്ജ്.
'നഷ്ടബോധം തോന്നാതിരിക്കാൻ വയ്യ പ്രിയപ്പെട്ടവനേ..! പോകാതെ വയ്യെങ്കിലും.'
പോരും വഴി വലതു വശത്തു നിന്നിരുന്ന പ്ലാവ് എന്നെ നോക്കി വിളിച്ചതാണ്..
നിന്നിട്ട് പോകിൻ..
പക്ഷെ ചുവട്ടിൽ സംസാരിച്ചു കൊണ്ടിരുന്നിരുന്ന സെറ്റ് ആയവരെ ചുമ്മാ വെറുപ്പിക്കേണ്ടെന്നു തോന്നി. അല്ലേലും പ്ലാച്ചുവട് മെച്ചപ്പെടുത്തിയതോടെ ആണല്ലൊ ആൽത്തറയിൽ ഒറ്റാംതടികൾക്ക് കുറച്ചു കൂടെ സ്ഥലം പാട്ടത്തിനു കിട്ടിയത്.
'എത്രയും പ്രിയപ്പെട്ട പ്ലാവേ, ഇടക്കെപ്പോഴോ സൈമണ്ണനെ മുകളിൽ കയറ്റി നിന്റെ ചക്ക ഒരെണ്ണം ഇട്ട് തിന്നതല്ലേ. മറക്കില്ല. പഴച്ചക്കയാണേലും.'
തിരിഞ്ഞു നിന്ന് എല്ലാ നിർവൃതിയോടും കൂടെ ഒരു ടാറ്റ കൊടുത്തു. കമിതാക്കൾ എന്നെ നോക്കി എന്തോ പറഞ്ഞു. ഞാൻ അത് കാര്യമാക്കാതെ ആൽത്തറക്കരികിലേക്ക് വീണ്ടും എന്റെ കാലുകളെ ബലമായി ചലിപ്പിച്ചു. കാലുകൾ പോലും മടി കാണിക്കുന്നത് പോലെ.
മടങ്ങിപ്പോക്ക് കുറച്ച് ബുദ്ധിമുട്ടാണ്. കാലങ്ങൾ കഴിഞ്ഞാലും ഇവിടെയൊക്കെ തന്നെ കാണും മനസ്സ്.
എല്ലാം കണ്ടുവോ? എങ്കിൽ പോയിക്കൂടെ?
'നീയും പറഞ്ഞു വിടുകയാണോ ആല്മരമേ..!'
ഇല്ല. അങ്ങനെയല്ല. ഇനിയും നിന്നാൽ.. ബസ്.. നിങ്ങളൊക്കെ ഇനിയും വരുമെന്ന് എനിക്കറിയാം.. പക്ഷെ എനിക്കിനിയും നിങ്ങൾക്ക് പുറകെ വരുന്നവർക്ക് തണലായി ഇവിടെ നിൽക്കേണ്ടതില്ലേ..
'നീയായി മാറിയാൽ മതിയായിരുന്നു. അസൂയയാണ് നിന്നോട്. എന്നും ഈ മണ്ണിൽ. വരുന്നവരെയും പോകുന്നവരെയും നോക്കി. വരുന്നവരെ കാണുമ്പോൾ സന്തോഷിച്ച്. പോകുന്നവരെ കാണുമ്പോൾ ഇല്ലോളം ദുഃഖിച്ച്.
തെല്ലോളം പുച്ഛത്തോടെ.'
പുച്ഛം?
'അതെ. നിനക്ക് പുച്ഛമാണല്ലോ. നാലു വർഷത്തിന് വേണ്ടി മാത്രമായി, വഴിപാട് പോലെ ഈ മണ്ണിൽ വരുന്നവരോട്. എന്നോ ഒരിക്കൽ എന്നോട് നീയത് പറഞ്ഞിരുന്നു.'
ഹഹ.. ഇല്ലാതില്ല..
'എന്നാൽ ശരി. പോവുകയാണ്. പോയി വരാം. മനസ്സ് ഇവിടെയാണ്. എന്നെങ്കിലും തിരിച്ചു വരാതിരിക്കില്ല.'
കണ്ണുകൾ കലങ്ങിയിരുന്നു. ഇനിയും കുറെ വർഷം കണ്ടു കൊണ്ടിരിക്കണം എന്ന് വിചാരിച്ച കലാലയം കണ്ണുകളിൽ നിന്ന് മങ്ങി മങ്ങി പോകുന്നത് പോലെ.
വരണം. ഓരോ വർഷവും പൂത്തും വാടിയും തളിരിട്ടും ഇല കൊഴിച്ചും ഞാനിവിടെ കാണും. അതു പോലെ നിങ്ങൾക്കുള്ള മാറ്റങ്ങൾ കാണാൻ വേണ്ടി. വരണം. വരാതിരിക്കരുത്.
'ശരി. അങ്ങനെയാവട്ടെ.'
ആൽത്തറയിൽ നിന്ന് പതുക്കെ റോഡിലേക്ക് നടന്നു. അകലെ പ്രയാൺ ബസ്‌ വന്നു കിടക്കുന്നു. കോളേജിൽ നിന്നുള്ള അവസാന ബസ്. ഇപ്പോൾ കോളേജ് ജീവിതത്തിൽ നിന്നും.
നാലു വർഷക്കാലത്തെ സ്വാതന്ത്ര്യം പുറകിലേക്ക് അകന്നു പോകുന്നത് ഞാൻ അറിഞ്ഞു. എങ്കിലും നാലു വർഷം ആ മനോഹരഭൂമിയിലെ ക്ലാസ്സ്മുറികളിൽ മെനഞ്ഞെടുത്ത ഓർമകളുണ്ടല്ലോ കൂട്ടിന്. ക്ലാസ് മുറികൾക്ക് പുറത്ത് വെട്ടിപ്പിടിച്ചെടുത്ത അനുഭവങ്ങൾ ഉണ്ടല്ലോ കരുത്തിന്.
പോകും വഴി ആ പടുവൃദ്ധൻ ബോധിമരം പുറകിൽ നിന്ന് വിട പറയൽ ആംഗ്യം കാണിച്ചുവോ?
ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കാൻ വയ്യ.
ബസിൽ കയറി ഇരുന്നു. ഒന്നാം വർഷം ഭയത്തോടെ പുസ്തകങ്ങൾ വാങ്ങാൻ ക്യൂ നിന്നതും, പിന്നീട് ആ പുസ്തകങ്ങൾ ഒന്നാം വർഷക്കാർക്ക് തിരിച്ചു കൊടുത്തതുമായ, അതിലേറെ രാത്രി സ്മരണകൾ പേറുന്ന സ.ഫൈസൽ ബസ് ഷെൽട്ടറും കടന്ന് കുറച്ചപ്പുറെ ഒരു ലൈമും പഫ്‌സും തന്ന് കുറെ നാട്ടുച്ചവെയിൽ വിശപ്പുകൾ അകറ്റിയ അപ്പുവേട്ടന്റെ കടയും കടന്ന് നോട്ടം പോയപ്പോൾ കാഴ്ച്ച പതിയെ മങ്ങുന്നതായി തോന്നി. കണ്ണുകൾ ഇറുക്കിയടച്ചു. എന്തോ താഴേക്ക് ഒഴുകിയിറങ്ങി.
പുറകിൽ, കോളേജിനും പുറകിൽ അങ്ങകലെ മലയിൽ മഴക്കാലത്തു ഒലിച്ചൊഴുകിയിറങ്ങുന്ന വെള്ളച്ചാലുകളുടെ കുളിർമ അപ്പോൾ എന്റെ കവിളുകൾ അറിയുന്നുണ്ടായിരുന്നു.
'വിട. വിട. വിട.'
-കൈപ്പാറ

Comments